The contents of this blog and the language used herein are "mature" and suited only for "grown-ups".

Mar 10, 2009

കൃഷ്ണ സങ്കല്പത്തിന്റെ ഉത്ഭവം : കമന്റ്

പാര്‍ത്ഥന്‍ ജീയുടെ ഈ പോസ്റ്റില്‍ ഇട്ട കമന്റ് .


പാര്‍ത്ഥന്‍ ജീ,

"..പൂജ, ആരാധന, ദേവന്മാർ - എന്നൊക്കെ പറഞ്ഞ് ജനങ്ങളെ അന്ധവിശ്വാസികളാക്കിതീർക്കാൻ വിദഗ്ദ്ധമായി വ്യാഖ്യാനിച്ചിട്ടുള്ള ചില വാക്കുകൾ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് താഴെയുള്ള ശ്ലോകങ്ങൾ എഴുതിയത്. ബോറടിക്കുന്നവർ അത് വായിക്കാതെ വിടുക."


ജനങ്ങളെ അന്ധവിശ്വാസികളാക്കാന്‍ ആരോ വിദഗ്ധമായി വ്യാഖ്യാനിച്ചത് എന്നൊക്കെ നൂറ്റാണ്ടുകള്‍ക്കിപ്പുറം താങ്കള്‍ക്കിപ്പോള്‍ പറയാം. എന്നാല്‍ ഈ മൂന്നു വാക്യങ്ങളില്‍ കൃഷ്ണമതം എന്ന മതത്തിന്റെ ആവിര്‍ഭാവവും ഭാഗവതപ്രസ്ഥാനത്തിന്റെ ചരിത്രവും മുഴുവന്‍ ഉറങ്ങുന്നു. അത് തിരിച്ചറിയാനാണ് മുന്‍പ് ഇവിടെത്തന്നെയുള്ള ഏതോ ഒരു പോസ്റ്റില്‍ ഈയുള്ളവന്‍ പറഞ്ഞത്, ചരിത്രപശ്ചാത്തലത്തില്‍ വേണം ഇതൊക്കെ നോക്കിക്കാണാനെന്ന്.

ഇന്ന് ലഭ്യമായ ചരിത്രരേഖകളില്‍ കൃഷ്ണന്‍ എന്ന പേര് ആദ്യം ഉപയോഗിക്കുന്ന ഗ്രന്ഥം ഋഗ്വേദമാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിവുള്ള, മായാവിയും സുന്ദരഗാത്രനുമായ കൃഷ്ണന്‍ എന്ന ദസ്യുവിനെ അയാളുടെ പതിനായിരം കൂട്ടാളികളോടൊപ്പം അംശുമതീ തീരത്ത് വച്ച് ഇന്ദ്രന്‍ വധിച്ചെന്നാണ് ഋഗ്വേദ കഥ. രാജസ്ഥാന്‍ ഭാഗത്തെ ദ്രാവിഡവര്‍ഗ്ഗമായ ആഭീരന്മാര്‍ എന്നറിയപ്പെടുന്ന ഇടയഗോത്രങ്ങളുടെ പുരാണകഥാപാത്രമായി ഉയര്‍ന്നു വന്ന ഇടയദൈവ സങ്കല്പമാണ് ഗോപാലകനായ കൃഷ്ണന്‍. ഈ ഗോപാല കൃഷ്ണന്‍ ഇന്ദ്രന്റെ അഹങ്കാരമടക്കുന്ന ഗോവര്‍ദ്ധനപര്‍വ്വത കഥ ഇന്ദ്രാരാധകരായ ആര്യ ഗോത്രങ്ങളുമായി ഈ ഇടയ ഗോത്രങ്ങള്‍ക്കുണ്ടായിരുന്ന സംഘര്‍ഷത്തെ സൂചിപ്പിക്കുന്നു. (ഋഗ്വേദത്തിലെ അസുരനായ കൃഷ്ണനും ആഭീരന്മാരുടെ ദേവതയായ കൃഷ്ണനും ഒന്നാണെന്ന് ചില പണ്ഡിതര്‍ ) ഗോവര്‍ധന ധാരിയായ കൃഷ്ണനാണ് ആ ദൈവത്തിന്റേതായി ഇന്ന് ലഭ്യമായിട്ടുള്ള ആദ്യ ബിംബങ്ങളിലൊന്ന്. ആഭീരന്മാര്‍ക്കിടയിലുണ്ടായ കഥയാണ് നന്ദപുത്രനായ, രാധാകാമുകനായ യാദവ കൃഷ്ണന്‍. ആഭീരനായ രാജാവ് മധുവിന്റെ മകള്‍ മധുമതിയുടെ പുത്രനാണ് യദു. യാദവ കുലവും അന്ധകന്മാരും വൃഷ്ണികളും ഒക്കെ ആഭീരന്മാരില്‍ നിന്ന് വികസിച്ചതാണെന്ന് ഹരിവംശത്തില്‍ നിന്നും സൂചനയുണ്ട്. ഇന്ദ്രന്‍, ബ്രഹ്മന്‍ തുടങ്ങിയ ആര്യദേവതകളുമായി കൃഷ്ണന്‍ സംഘര്‍ഷത്തിലാവുന്ന പുരാണകഥകള്‍ രണ്ട് ഗോത്രങ്ങളുടെ വൈരത്തിന്റെ കഥയും കൂടിയാണ്.

സൂര്യാരാധകന്മാരായ ഒരു ഗോത്രത്തിന്റെ ആചാര്യനായ ഘോരാംഗിരസ്സിന്റെ ശിഷ്യനാണ് ദേവകിയുടെ പുത്രനായ കൃഷ്ണന്‍. ഈ ‘ദേവകീപുത്രകൃഷ്ണ’നെപ്പറ്റി ഛാന്ദോഗ്യത്തില്‍ (BC 800) തന്നെയാണ് ചരിത്രത്തിലെ ആദ്യപരാമര്‍ശമുള്ളത്. വാസുദേവന്‍ എന്നൊരാള്‍ മുഖ്യ ആചാര്യനായി വളര്‍ന്ന ഈ മത സെക്റ്റിന്റെ ഫിലോസഫികളാണ് കഠോപനിഷത്തിന്റെ ജനനമരണ-കര്‍മ്മ സിദ്ധാന്തങ്ങളില്‍ കാണുന്നത്. കഠോപനിഷത്തുമായി ഭഗവദ് ഗീതയ്ക്കുള്ള സാദൃശ്യം യാദൃച്ഛികമല്ല എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വാസുദേവന്‍ എന്ന ദേവതാ സങ്കല്പം ‘വാസുദേവന്‍ & സംഘര്‍ഷണന്‍’ / നാരായണന്‍ & നരന്‍ എന്ന ഒരു ദേവതാദ്വയത്തിന്റെ ഭാഗമായി പില്‍ക്കാലത്ത് ഉയര്‍ന്നുവന്നതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാസുദേവനും കൂട്ടാളിയായ സംഘര്‍ഷണനും നടത്തുന്ന വീരകൃത്യങ്ങള്‍ കാലക്രമേണ അര്‍ജ്ജുനന്റെയും കൃഷ്ണന്റെയും അക്കൌണ്ടിലായി. നരനാരായണന്മാര്‍ എന്നതിനും വന്നു വേറെ കുറേ വ്യാഖ്യാനങ്ങള്‍. മെസൊപ്പൊട്ടേമിയന്‍ ആദിപുരാണവീരനായ ഗില്ഗമേഷും സഖാവായ എന്‍കിടുവും നടത്തുന്ന ചില സാഹസങ്ങള്‍ അര്‍ജ്ജുന-കൃഷ്ണന്മാരുടെ സാഹസങ്ങളുമായി സാമ്യമുള്ളവയാണ്. കര്‍ണ്ണനെ കൊല്ലുന്ന മഹാഭാരതരംഗം സൂര്യപുത്രനായ ഹംബാബ എന്ന ഭീകരനെ വധിക്കുന്ന ഗില്‍ഗമേഷിന്റെ കഥാസന്ദര്‍ഭവുമായി വളരെ സാമ്യമുള്ളതാണ്. ഹംബാബയെ വധിക്കാന്‍ പോകുന്ന ഗില്‍ഗമേഷിന്റെ സന്ദേഹങ്ങള്‍ തീര്‍ക്കാന്‍ സുഹൃത്ത് എന്‍കിടു കുറെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു ഗീതോപദേശസന്ദര്‍ഭവുമായുള്ള സാമ്യവും ശ്രദ്ധേയം. വാസുദേവന്റെ കൂട്ടാളിയായ സംഘര്‍ഷണന്‍ പില്‍ക്കാലത്ത് കൃഷ്ണന്റെ ചേട്ടനായ ബലഭദ്രനായി പരിണമിച്ചു. (ജൈനമതത്തില്‍ ഇത് തീര്‍ത്ഥങ്കരന്മാരിലൊരാളായ ബലദേവനായി മാറുകയും ചെയ്തു)

ഗോവര്‍ദ്ധനധാരിയും ഇന്ദ്രദര്‍പ്പമടക്കിയവനുമായ ഗോകുലകൃഷ്ണന്‍, വാസുദേവന്‍ എന്ന സൈദ്ധാന്തികന്‍, മൂന്നോ നാലോ ദേവതാ സങ്കല്‍പങ്ങളില്‍ നിന്നും ഉറഞ്ഞുകൂടിയ ഒരു മൂന്നാം ദേവതയാണ് ഇന്ന് നാം അറിയുന്ന ദേവകീപുത്രനും, നന്ദഗോപരുടെ വളര്‍ത്തുമകനും കാളിയമര്‍ദ്ദകനും, ടീനേജ് തുടങ്ങും മുന്‍പ് ഗോപികളെ പ്രണയവിവശനാക്കിയവനും, കംസവധം നടത്തിയവനും പില്‍ക്കാലത്ത് അര്‍ജ്ജുനന്റെ സഖാവായതും, ഇന്ദ്രനോടേറ്റ് വിജയിച്ചവനും ജരാസന്ധനെ പിളര്‍ത്തിയവനുമായ ശ്രീകൃഷ്ണന്‍.

ഈ ഹീറോയിക് കഥാപാത്രവുമായി വാസുദേവന്റെ ഫിലോസഫിയും വിഷ്ണു എന്ന ആര്യ ദേവതയുടെ സങ്കല്‍പ്പവും പ്രജാപതിയുടെ അവതാര കഥകളും കൂടിച്ചേരുമ്പോഴാണ് ഭാഗവതമതത്തിന്റെ ബീജരൂപമാകുക. ഇതിന്റെ വികസിത രൂപമാണ് ഇന്നത്തെ നിയോബ്രാഹ്മണിക് മതങ്ങളില്‍ ഒന്നായ വൈഷ്ണവിസം.

ഭഗവദ് ഗീതയില്‍ അപൂര്‍വ്വം ചിലയിടത്തുമാത്രമേ വിഷ്ണു എന്ന സൂപ്പര്‍ ദൈവത്തിന്റെ അംശമാണ് കൃഷ്ണന്‍ എന്ന് സൂചനയുള്ളൂ. മഹാഭാരതത്തിലേയ്ക്ക് ഗീതയെ ചേര്‍ത്തതിനോടൊപ്പമാവണം ഈ വിഷ്ണു സങ്കല്‍പ്പവും കൂടി വിളക്കിയത് എന്ന്‍ ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ഇതു മാറ്റി നിര്‍ത്തിയാല്‍ ഗീത കൃഷ്ണമതം എന്ന ഏകദൈവതാധിഷ്ഠിതമായ ഒരു വേറിട്ട മതത്തിന്റെ ഫിലോസഫിക്കല്‍ വിശകലനമാണ്.ആര്യന്മാരുടെ യജ്ഞാധിഷ്ഠിതമായ വൈദിക ഫിലോസഫിയില്‍ നിന്നുമുള്ള ഒരു കുതറിമാറല്‍ കൂടിയാണ് ഭഗവദ് ഗീത. യോഗത്തെയും തപസ്സിനെയും യജ്ഞത്തെയും ഒക്കെ പരാമര്‍ശിച്ചുപോകുന്നുണ്ടെങ്കിലും യോഗയോ യജ്ഞമോ ഒന്നുമില്ലാതെ “കര്‍മ്മ”ത്തിലൂടെ തന്നെ ആരാധിക്കാനും പ്രാപിക്കാനും കഴിയും എന്നാണ് കൃഷ്ണമതത്തിന്റെ ദേവതയുടെ മുഖ്യ ആഹ്വാനം തന്നെ. ഇത് മൌര്യ/ഗുപ്ത കാലഘട്ടത്തിലുയര്‍ച്ച പ്രാപിച്ച നാസ്തിക മത സെക്റ്റുകളെ ഭക്തിയിലേക്ക് തിരികെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കപ്പെട്ടതാണ്. അന്യദേവതകളെ ആരാധിക്കുന്നവര്‍ക്കും അനുഗ്രഹങ്ങള്‍ നല്‍കുന്നത് ആത്യന്തികമായി ഞാന്‍ തന്നെ എന്ന് കൃഷ്ണന്‍ സ്വയം പ്രഖ്യാപിക്കുന്നത് ഈ ചരിത്ര പശ്ചാത്തലത്തിലാണ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.

ഈ വിഷയം ഒത്തിരി കൂടുതല്‍ എഴുതാനുണ്ട്. വിസ്താരഭയത്താല്‍ ഇത്രയും തല്‍ക്കാലം.

Feb 3, 2009

പന്നിയെ വെറുക്കാനുള്ള ഞായങ്ങള്‍

 
 
മനുഷ്യവിദൂഷകന്‍ എന്ന ബ്ലോഗില്‍ കണ്ട ലേഖനം : ഇസ്ലാമും പന്നിയും
ഭക്ഷണം അങ്ങനെ മനുഷ്യന്‍റെ സ്വഭാവരൂപികരണത്തില്‍ പങ്കുവഹിക്കുന്നുവെന്ന് വളരെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്.
എന്നാല്‍ ഞാന്‍ അറിയാന്‍ ശ്രമിച്ചത് വേറെ വിഷയമാണെങ്കിലും മുമ്പ് പറഞ്ഞതിന്‍റെ ഭാഗമായതിനാല്‍ മുഖവുരയായി പറഞ്ഞുവെന്നു മാത്രം.എന്നും എനിക്ക് ചിന്തയ്ക്ക് വക തന്ന ഒരു സംശയം പന്നിയെന്നു വിളിക്കുമ്പോള്‍ ഒരു ഇസ്ലാം മതവിശ്വാസി കോപം കൊണ്ടു വിറയ്ക്കുന്നതെന്തിന്.?

.... ശാസ്ത്രീയമായി അണുക്കളെയോ മറ്റോ പഠിയ്ക്കാന്‍ അവസരമുണ്ടാകാന്‍ സാധിക്കുന്നതിനു മുമ്പെ അതിനെ നിഷിദ്ധമായി പ്രഖ്യാപിക്കുന്നുവെങ്കില്‍ ശാസ്ത്രീയ അടിത്തറയ്ക്ക് പുറമെ ദൃശ്യമായതും അതേപോലെ സാധാരണ നോട്ടത്തില്‍ തന്നെ വെറുക്കപ്പെടേണ്ട എന്തോ ഒന്നു അതിലുണ്ടെന്നു മനസ്സിലായി.... (ശേഷം ഇവിടെ വായിക്കുക)

അവിടെ ഇട്ട കമന്റ് :
suraj::സൂരജ് said...
മനുഷ്യ വിദൂഷകാ,

ഖുര്‍ ആനോ ഗീതയോ എടുത്ത് അതിലെ പ്രസ്താവങ്ങളുടെ ശാസ്ത്രീയത ചികയുന്നത് താങ്കളുടെ ഇഷ്ടം. പക്ഷേ ഇതുപോലുള്ള ഉഡായിപ്പ് വെബ്സൈറ്റുകളില്‍ കിടക്കുന്നതൊക്കെ എടുക്കുമ്പോള്‍ ഈ പറയുന്നതിലൊക്കെ എന്തെങ്കിലും സയന്‍സ് ഉണ്ടെങ്കില്‍ അതിന് ചുമ്മാ കറക്കിക്കുത്തിയുള്ള വാചകങ്ങളല്ല, മറിച്ച് വ്യക്തമായ, തെളിയിക്കപ്പെട്ട റീസേര്‍ച്ച് റെഫറന്‍സുകളോ പേപ്പറുകളോ ആണ് നല്‍കേണ്ടത്. അപ്പോഴേ അത് ശാസ്ത്രീയമായി ആധികാരികമാവൂ, അല്ലാത്തിടത്തോളം ചുമ്മാ “അഭിപ്രായം” മാത്രമേ ആവൂ.

>>മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്.

മാംസാഹാരം ക്രൂരതയ്ക്കും ദേഷ്യത്തിനും കാരണമാകുന്നതിന്റെ ബയോക്കെമിസ്ട്രി ഒന്ന് വിശദീകരിക്കാമോ ? ഏതെങ്കിലും ആധികാരിക റീസേര്‍ച്ച് ജേണലില്‍ പിയര്‍ റിവ്യൂ കഴിഞ്ഞ് വന്നിട്ടുണ്ടോ ഇങ്ങനൊരു റീസേര്‍ച് ?
(ഖുര്‍ ആന്‍ പന്നിമാംസം പോലെ ചിലതെ ഹറാമാക്കീട്ടുള്ളൂ. ആട്, കോഴി താറാവ് മാട് എന്നിങ്ങനെ വേറെ പലതും കിടക്കുന്നു.അതെന്തര് അത് വിട്ട് കളഞ്ഞത്?)

>> സ്വന്തം ഇണയെ മറ്റൊരു എതിര്‍ലിംഗത്തില്‍ പെട്ട അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന അത്യപൂര്‍വവും നിന്ദ്യവുമായ ഒരു സ്വഭാവം പന്നിയ്ക്കുണ്ട്. അതായത് തന്‍റെ മുമ്പില്‍ മറ്റൊരു പന്നി തന്‍റെയിണയുമായി ഇണചേരുന്നത് കണ്ടുകൊണ്ടു നില്ക്കുന്ന ഏക ജീവിയാണ് പന്നി.

ഇതിനും വേണം റെഫറന്‍സ്. പന്നിക്ക് മാത്രമായുള്ള ഒരു ക്യാരക്റ്റര്‍ എന്നൊക്കെ അടിച്ചു വിടുന്നത് ഇതുവല്ലതും വെരിഫൈ ചെയ്തിട്ടാണോ ?
സ്വന്തം ഇണയെ അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന” എന്നൊക്കെ പന്നിയെക്കുറിച്ച് പറയുന്നത് കേട്ടാല്‍ പന്നി ഇണചേരുന്നത് താലികെട്ടും റെജിസ്ട്രേഷനുമൊക്കെ കഴിഞ്ഞ് ഹണിമൂണീനു ഹോട്ടലില്‍ റൂമെടുത്തിട്ടാണെന്ന് തോന്നും :)) ജൈവ ലോകത്തെ എത്രയോ ജീവികള്‍ ബഹുഭര്‍തൃത്ത്വവും ബഹുഭാര്യാത്വവും ഉള്ളവരാണ്. പല ജന്തുക്കളും ഇണചേര്‍ന്ന്‍ സ്ഖലനമോ രതിമൂര്‍ച്ഛയോ കഴിഞ്ഞാല്‍ പിന്നെ ഇണയെ തിരിഞ്ഞ് പോലും നോക്കാത്തവരാണ്.അവര്‍ വേറെ ഏത് സഹജീവിയുടെ കൂടെ പോയാലും അവറ്റയ്ക്ക് ഒരു ചുക്കുമില്ല. നിഷിദ്ധമല്ലാത്ത മാംസാഹാരമായ കാളയും പോത്തും ഒക്കെ ഇങ്ങനെ തന്നെ. അവയ്ക്ക് ഏകപത്നീവ്രതമോ ഏക ഭര്‍തൃവ്രതമോ ഒന്നുമില്ല.

>>ലോകത്തിലെ ഏറ്റവും നികൃഷ്ടമായ ചുറ്റുപാടുകളില്‍ വളരുന്ന പന്നിയായാലും വളര്‍ത്തുന്ന പന്നിയായാലും അതിന്‍റെ ശരീരത്ത് പരാന്നജീവികളും രോഗാണുക്കളും വളരെയധികം പാര്‍ക്കുന്നുണ്ട്. അതേപോലെ തന്നെ പന്നിയുടെ ശരീരത്തിനുള്ളില്‍ പോലും നിരവധി അണുക്കളും കൃമികളും വിരകളും വരെയുണ്ട്. മിക്കവയും മനുഷ്യന് അസുഖമോ മരണം വരെയോ സമ്മാനിക്കാന്‍ പര്യാപ്തം.

പന്നി അമേദ്യം തിന്നുന്നത് കൊണ്ട് മാത്രം വൃത്തികെട്ടതാണെന്ന് പൊതുവേ പറയപ്പെടുന്നത് പൂര്‍ണ്ണമായും ശരിയല്ല. (കോപ്രോഫാജി എന്ന അതേ സ്വഭാവം കാണിക്കുന്ന ജീവിയാണ് മുയലും.) പന്നിക്ക് മാത്രമായി അസാധാരണമാം വിധം പരാന്നജീവി/കൃമി ആക്രമണമൊന്നുമില്ല. നല്ല രീതിക്ക് ഇവയെ വളര്‍ത്തുന്ന കേന്ദ്രങ്ങളില്‍ ഈപ്പറയുന്ന കുഴപ്പമൊന്നുമില്ലാത്ത പന്നിയിറച്ചി കിട്ടുകയും ചെയ്യും.
പിന്നെ, ശരീരത്തിലെ കൃമികീടങ്ങളെ വച്ചാണ് പന്നിയെ കുറ്റം പറയുന്നതെങ്കില്‍ കോഴിക്കും ആടുമാടുകള്‍ക്കുമൊക്കെ ഇതു ബാധകമാണ്. നാടവിര മാട്ടിറച്ചി വഴിയും മനുഷ്യനെ ബാധിക്കാറുണ്ട്. ആടിന്റെ പാല്‍ ധാരാളമായി ഉപയോഗിക്കുന്ന ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ ബ്രൂസെല്ലോസിസ് എന്ന ബാക്ടീരിയല്‍ അണുബാധ കൂടുതലാണ്... വൃത്തിക്ക് പാചകം ചെയ്യാമെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. അല്ലാതെ അതിന് മൃഗത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഒട്ടകത്തിന്റെ മൂത്രം മരുന്നായി കുടിക്കാന്‍ ഉപദേശിച്ചിട്ടുണ്ട് പ്രവാചകന്‍ (സഹീഹുല്‍ ബുഖാരി). ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറുചിറകില്‍ മരുന്നുമാണെന്നും, അതിനാല്‍ പാനീയത്തില്‍ ഈച്ചവീണാല്‍ അതിനെ മുഴുവനായി അതില്‍ മുക്കിക്കോണം എന്ന് തട്ടിവിട്ടതും ഇതേ ആള് തന്നെ. പന്നിയുടെ വൃത്തിയെ കുറിച്ച് സങ്കടപ്പെടാന്‍ പറ്റിയ ആള്‍ !

>>ശരീരത്തിനനുസരിച്ചു ശ്വാസകോശത്തിന്‍റെ വലിപ്പം ചെറുതായ പന്നിയ്ക്ക് ന്യുമോണിയ,ബ്രോങ്കിറ്റിസ് തുടങ്ങിയ രോഗവും സാധാരണം തന്നെ.

ആങ്ഹാ ! ഇതുകൊള്ളാമല്ലോ. ഒരു റെഫറന്‍സ് കിട്ടിയാല്‍ കൊള്ളാമായിരുന്നു.
ഇങ്ങനൊക്കെ അടിച്ചുവീടും മുന്‍പ് മനുഷ്യ വിദൂഷകന്‍ ഇച്ചിരെ Basic anatomy വായിച്ചാല്‍ കൊള്ളാം.

>>സാത്വിക ഭക്ഷണം വിഭീഷണനെയും രാജസ്വ ഭക്ഷണം രാവണനെയും അങ്ങനെ സ്വഭാവത്തിന്റെ കാര്യത്തില്‍ അന്തരമുണ്ടാക്കി എന്ന് രണ്ടുപേരെയും പറ്റി പ്രതിപാദിക്കുന്നയിടത്തു രാമായണത്തില്‍ പറയുന്നുണ്ട്.

രാമായണത്തിലോ മഹാഭാരതത്തിലോ പറയുന്നതാണോ താങ്കളുടെ റെഫറന്‍സ് ?!
ഭാരതീയ മതങ്ങളില്‍ ഈ രാജസം താമസം സാത്വികം എന്നൊക്കെ ആഹാരത്തെ ഭഗവദ് ഗീതയുടെ ലൈനില്‍ വര്‍ഗ്ഗീകരിക്കാന്‍ തുടങ്ങിയത് വളരെയടുത്താണ്. ഒരുപക്ഷേ ബുദ്ധമതസ്വാധീനവും അതിനു കാരണമാവാം. വേദങ്ങളിലൊക്കെ മാംസം മുനിമാരുടെ പോലും ആഹാരമാണ്. അവിടെ ആരും അതിനെപ്പിടിച്ച് “താമസം” ഒന്നുമാക്കി ബ്രാന്റടിച്ച് നിഷിദ്ധമാക്കീട്ടില്ല. രാമായണത്തില്‍ പലയിടത്തും രാമന്‍ മാംസാഹാരം കഴിച്ചിരുന്നതായി പറയുന്നുണ്ട്. താങ്കള്‍ വായിച്ചിട്ടുണ്ടോ ആവോ ! അന്നത്തെ ക്ഷത്രിയകുലജാതര്‍ മാംസവും മദ്യവുമൊക്കെ ധാരാളമായി ഉപയോഗിച്ചിരുന്നവരുമാണ്. കൊട്ടാരത്തില്‍ കിട്ടുന്ന രുചിയുള്ള മൃഗ മാംസത്തിനു പകരം ഇനി എനിക്ക് കാട്ടുകിഴങ്ങും പഴങ്ങളും കഴിക്കേണ്ടിവരുമെന്ന് വനവാസത്തിനു പുറപ്പെടുന്ന രാമന്‍ കൌസല്യയോട് സങ്കടം പറയുന്നത് രാമായണത്തില്‍ തന്നെയാണ് മാഷേ. വനത്തില്‍ ഏതെല്ലാം മാംസം കിട്ടുമെന്നതിനെ കുറിച്ച് രാമനും ലക്ഷ്മണനും ഉപദേശം കിട്ടുന്ന ഭാഗം വരെ രാമായണത്തില്‍ കാണാം. ആയുര്‍വേദത്തിലാകട്ടെ സുശ്രുതന്‍ ഏതാണ്ട് 64 തരം മാംസങ്ങളെ ഭക്ഷണമാക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ഓരോന്നും കഴിക്കേണ്ട കാലവും സമയവുമടക്കം. അതോണ്ട് മാഷ് രാജസ-സാത്വികത്തീന്നൊക്കെ വിട്ട് പിടി.

അനുബന്ധം:

കോഴികൂവിയാല്‍ അത് മലക്കിനെ കണ്ടിട്ടാണെന്നും കഴുത കരഞ്ഞാല്‍ അത് സാത്താനെ കണ്ടിട്ടാണെന്നുമൊക്കെ പ്രവാചകന്‍ തട്ടിമൂളിച്ചിട്ടുള്ളതായി മതഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഇനി അതിനോരോന്നിനും ഇതുപോലെ “സയന്റിഫിക്” തെളിവും കൊണ്ട് വരാവുന്നതാണ്.